നാദസ്വരങ്ങളേ ഒന്നാകൂ നാഥന്റെ
സങ്കീർത്തനം 145
നാദസ്വരങ്ങളേ ഒന്നാകൂ നാഥന്റെ
നാമസങ്കീർത്തനം പാടി സ്തുതിക്കുവിൻ (2)
ദൈവം മഹോന്നതൻ രാജാധിരാജൻ
വാഴ്ത്തുക നാമെന്നും “സർവേശ്വരനെ” (2)
അങ്ങേ മഹത്വം വിസ്മയനീയം
വർണ്ണനാതീതം മഹാൽഭുതങ്ങൾ
മന്വന്തരങ്ങളിൽ മാറ്റൊലി കൊള്ളും
ശക്തി പ്രഭാവങ്ങൾ വൈഭവങ്ങൾ
കാലങ്ങൾ കാഹളമൂതി സ്തുതിക്കുന്നു
കാലാന്തരങ്ങളിൽ ചെയ്ത കർമ്മങ്ങൾ
നാവുകൾ നാവുകളോടോതി സ്തുതിക്കുന്നു
കീർത്തന മുത്തുകൾ നാടുണർത്തുന്നു
കർത്താവു കാരുണ്യവാനും കൃപാലുവും
ദീർഘക്ഷമയും സ്നേഹസമൃദ്ധിയും
ഏവർക്കും നല്ലവൻ എന്നെന്നും നല്ലവൻ
മഹത്വസമ്പൂർണ്ണനാം ജഗദീശ്വരൻ
നന്ദിയാം മഞ്ജുള മാലകളർപ്പിച്ചു
വന്ദിച്ചു പോരുന്നു സൃഷ്ടികളെന്നും
വാഴ്‍ത്തിപ്പുകഴ്ത്തുന്നു സിദ്ധിസ്വരൂപികൾ
കീർത്തനം പാടി സ്തുതിക്കുന്നു സാദരം
രാജത്വവും അങ്ങേ മഹത്വവും ശാശ്വതം
വാഗ്‍ദാനം പാലിക്കും കർത്താവു നീ
താതനും പുത്രനും പാവനാത്മാവിനും
സ്തോത്രവും നന്ദിയും എന്നേരവും