ആകാശ നീലിമയോലുന്ന വീചിയില്‍

ആകാശ നീലിമയോലുന്ന വീചിയില്‍
ആകവെയാകുന്ന ദേവാ ദേവാ
ആയിരമായിരം നാവുകളാലങ്ങേ
നാമം ജപിക്കുന്നു ശക്തി സ്വരൂപനെ

നോവുമെന്‍ ആത്മാവിന്‍ പ്രാര്‍ത്ഥന കേള്‍ക്കുക
ദീനദയാലുമാം ദൈവമേ
പേടിച്ചു വിറച്ചു വരണ്ടു പോയെന്‍ മനം
പാലനം ചെയ്തു നീ പരം പൊരുളേ

ഘോരമാം ആരവം കാട്ടുന്നു വൈരികള്‍
വെള്ളിടി വെട്ടുംപോല്‍ അട്ടഹസിക്കുന്നു
മരണ സംഭീതിബാധിച്ചെന്‍ മാനസം
വേദന കൊണ്ടിതാ വിഭ്രാന്തി കൊള്ളുന്നു

കുറ്റപ്പെടുത്തലാല്‍ തീച്ചൂളയുണ്ടാക്കി
ചുട്ടുകരിക്കാനൊരുങ്ങുന്നു ചുറ്റിലും
ഉല്‍ക്കട കോപം കലര്‍ത്തിയെന്നാത്മാവില്‍
ഉള്‍ക്കിടിലം വളര്‍ത്തുന്നു പിന്നെയും

വേഗമിതൊഴിഞ്ഞു പറന്നുപോയങ്ങു
വിശ്രമിക്കാന്‍ ചിറകെനിക്കില്ലല്ലോ
ആഞ്ഞടിച്ചിടുമീ കാറ്റടികൊള്ളാതെ
ആശ്വാസ സങ്കേതം തേടാന്‍ കഴിഞ്ഞെങ്കിൽ

എന്നാലുമീശ്വരാ എന്തെല്ലാം വന്നാലും
അങ്ങെനിക്കാശ്വാസം ഭക്തര്‍ക്കു വത്സലാ
ആരും നിരാശിതരാകില്ല നിശ്ചയം
ആദ്യന്തമില്ലാത്ത സത്യൈക ദൈവമേ

നീ തന്നെ മോചനം നീതന്നെ സാന്ത്വനം
നേരെഴും നിത്യമാം ശക്തിയും അങ്ങുതാൻ
ആരു വിളിച്ചാലും ആലംബം നല്‍കുന്ന
സത്യസംരക്ഷനെന്നും നീയാകുന്നു

നോവുമെന്‍ ആത്മാവിന്‍ പ്രാര്‍ത്ഥന കേൾക്കുക
ദീനദയാലുമാം ദൈവമേ
നിന്‍സ്തുതി ഗീതങ്ങള്‍ എങ്ങും മുഴങ്ങട്ടെ
നിന്നിലെല്ലാരും വന്നു ചേര്‍ന്നീടട്ടെ